Saturday, May 4, 2024
keralaNews

പുതുച്ചേരിയില്‍  മുഖ്യമന്ത്രി രാജിവയ്ക്കും.

പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. സര്‍ക്കാര്‍ വീണതോടെ മുഖ്യമന്ത്രി വി. നാരായണസാമി രാജിവയ്ക്കും.പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടിയത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെതോടെയാണു നാരായണസാമി സര്‍ക്കാരിന്റെ നില പരുങ്ങലിലായത്. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും.മുന്‍ ലഫ. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വി. നാരായണസാമി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ നാരായണസാമി താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡിഎംകെ മേധാവി എം.കെ. സ്റ്റാലിനും കാരണമാണെന്നും പറഞ്ഞു. പുതുച്ചേരിക്കു സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസാമി പറഞ്ഞു.

ആവശ്യത്തിനു ഫണ്ട് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കേരളവും റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി വിതരണം ചെയ്തപ്പോള്‍ പുതുച്ചേരിയില്‍ അരിയുടെ വിലയ്ക്ക് തുല്യമായ തുക ഡയറക്ട് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടു നിക്ഷേപിക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തത്. സൗജന്യ ഭക്ഷണ പദ്ധതിയും ട്രാന്‍സ്പോര്‍ട്ട് പദ്ധതിയും ഗവര്‍ണര്‍ അട്ടിമറിച്ചു. പുതുച്ചേരിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.സര്‍ക്കാര്‍ വീണാല്‍ പുതുച്ചേരി, തിരഞ്ഞെടുപ്പ് വരെ കുറച്ചു മാസങ്ങള്‍ രാഷ്ട്രപതി ഭരണത്തിലാകും. കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മീനാരായണന്‍, ഡിഎംകെ എംഎല്‍എ കെ.വെങ്കടേശന്‍ എന്നിവരാണ് ഞായറാഴ്ച സ്പീക്കറുടെ വസതിയില്‍ എത്തി രാജി നല്‍കിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം ആറായി. ഇവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.