Tuesday, May 7, 2024
keralaNews

ആരോപണം നിഷേധിച്ച് ബിജെപി ; കൊലയില്‍ പങ്കില്ലെന്ന് നേതൃത്വം

കണ്ണൂരില്‍ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം നിഷേധിച്ച് ബിജെപി. യാഥാര്‍ഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബിജെപിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളില്‍ സംസാരിക്കുന്നത് മുഴുവന്‍ യാഥാര്‍ഥ്യങ്ങളാണോയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ചോദിച്ചു.സിപിഎം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരാകേണ്ടതില്ലെന്ന് എന്‍.ഹരിദാസന്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകനും മല്‍സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്റെ കാല്‍ പൂര്‍ണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.