Thursday, May 2, 2024
keralaNews

ഭക്ഷ്യക്കിറ്റിനൊപ്പമുള്ള മാസ്‌കിന് നിലവാരം ഇല്ലെന്ന് പരാതി

റേഷന്‍ കടകള്‍ വഴി ഓരോ കാര്‍ഡ് ഉടമയ്ക്കും ഫെബ്രുവരി മാസത്തെ ഭക്ഷ്യക്കിറ്റിനൊപ്പം നല്‍കുന്ന മാസ്‌ക് തീര്‍ത്തും നിലവാരം കുറഞ്ഞതെന്ന് ആക്ഷേപം. ഖദര്‍ മാസ്‌ക് വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍, തരംതാണ തുണി കൊണ്ടു നിര്‍മിച്ച 2 മാസ്‌ക് ആണ് ഓരോ കിറ്റിലുമുള്ളത്. കേരള ഖാദി ബോര്‍ഡ് ഉല്‍പന്നമാണെന്ന അറിയിപ്പും മാസ്‌ക് കഴുകി ഉണക്കി ഉപയോഗിക്കണമെന്ന നിര്‍ദേശവും ഇവ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള കവറിനു മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമല്ലാത്ത ഒറ്റ ലെയര്‍ മാത്രമുള്ള മാസ്‌കാണ്.

ഓരോന്നിനും 12 രൂപയാണു വില നിശ്ചയിച്ചതെന്നാണു സൂചന. ഒരു കിറ്റിലെ 2 മാസ്‌കിന് 24 രൂപ വില വരും. സംസ്ഥാനത്താകെ 89 ലക്ഷത്തില്‍പരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു കിറ്റ് നല്‍കുന്നത്. ഇത് ആദ്യമായാണ് കിറ്റിനൊപ്പം മാസ്‌ക് വിതരണം. ഇതിനായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ സിവില്‍ സപ്ലൈസ് കോര്‍പറേഷനോടു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു ഖാദി ബോര്‍ഡ് വഴിയാണു സപ്ലൈകോയ്ക്കു മാസ്‌ക് ലഭിച്ചത്. ഖാദി ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു മാസ്‌ക് ശേഖരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ബോര്‍ഡ് നിര്‍ദേശിച്ച തുകയ്ക്കു ഗുണനിലവാരമുള്ള മാസ്‌ക് നല്‍കാനാകില്ലെന്നു വിവിധ സ്ഥാപനങ്ങള്‍ അറിയിച്ചതായാണു സൂചന. ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്ന മാസ്‌ക് എവിടെ നിന്നാണു ഖാദി ബോര്‍ഡ് ശേഖരിച്ചതെന്നു വ്യക്തമല്ല.