Sunday, May 5, 2024
keralaNewspolitics

പിവി അന്‍വര്‍ എം.എല്‍എയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം :സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എം.എല്‍എയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതല്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

2017ലാണ് സംസ്ഥാന ലാന്റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദശം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കി. തുടര്‍ന്നും സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് തുടര്‍ന്നതോടെയാണ് കോടതി നിലപാട് കര്‍ശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടിള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

മലപ്പുറത്തെ വിവരാവകാശപ്രരവര്‍ത്തകനായ കെവി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ അന്‍വറിനും കുടുംബത്തിനും 226.82 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാല്‍ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അന്‍വര്‍ തിരുത്തിയെങ്കിലും പരിശോധനയില്‍ 22 ഏക്കറിലധികം ഭൂമി അന്‍വറിനും കുടുംബത്തിന്റെയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളില്‍കൂടി ഭൂമി ഉണ്ടെന്നും ഇത്കൂടി പരിശോധിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.