Friday, May 10, 2024
keralaNewspolitics

പാലാ സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാവര്‍ത്തിച്ച് പാല എംഎല്‍എ മാണി സി കാപ്പന്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നാവര്‍ത്തിച്ച് പാല എംഎല്‍എ മാണി സി കാപ്പന്‍. വഴിയെ പോകുന്നവര്‍ക്ക് പാലാ ചോദിക്കാന്‍ എന്ത് കാര്യമെന്നും കാപ്പന്‍ ചോദിച്ചു. മുന്നണി മാറ്റമെന്ന സാധ്യത നിലവില്‍ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

തോറ്റ് നില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ട എന്നാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.എന്ത് തീരുമാനം എടുത്താലും പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കും. പാലായിലെ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി യുദ്ധം ചെയ്ത് നേടിയതാണ്. പാലാ സീറ്റ് ആവശ്യപ്പെടാന്‍ ജോസ് കെ. മാണിക്ക് അവകാശമില്ല. എല്‍.ഡി.എഫ് പ്രവര്‍ത്തകരും ഇക്കാര്യം സമ്മതിക്കില്ല.സീറ്റ് വിട്ടുകൊടുക്കണമെന്ന് എല്‍.ഡി.എഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന്റെ ഭാഗമാകുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍നിന്നും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ജനവിധി തേടും. തങ്ങളെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തതില്‍ രാഷ്ട്രീയമില്ല. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.