Sunday, April 28, 2024
keralaNews

പാര്‍ലമെന്റില്‍ അപമര്യാദയായി പെരുമാറിയ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍.

ന്യൂഡല്‍ഹി ; പാര്‍ലമെന്റില്‍ സമ്മേളനത്തിനിടെ അപമര്യാദയായി പെരുമാറിയ എളമരം കരീം ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. വര്‍ഷകാല സമ്മേളനത്തിനിടെ മോശമായി പെരുമാറുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത 12 പ്രതിപക്ഷ എംപിമാരെയാണ് രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്തത്. ഇവര്‍ക്ക് ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.എംപിമാര്‍ രാജ്യസഭാ അദ്ധ്യക്ഷന്റെ അധികാരത്തെ അവഗണിക്കുകയും സഭയുടെ നിയമങ്ങളെ പൂര്‍ണ്ണമായി ദുരുപയോഗം ചെയ്യുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു. അക്രമാസക്തമായ പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രവര്‍ത്തനങ്ങളെ മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു. രാജ്യസഭയുടെ 254-ാമത് സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഫൂലോ ദേവി നേതം (കോണ്‍ഗ്രസ്), ഛായ വര്‍മ്മ (കോണ്‍ഗ്രസ്), റിപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (ടിഎംസി), ശാന്ത ഛേത്രി (ടിഎംസി), സയ്യിദ് നാസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), പ്രിയങ്ക ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിംഗ്(കോണ്‍ഗ്രസ്) എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.