Friday, April 26, 2024
HealthkeralaNews

ഒമിക്രോണ്‍ വ്യാപനഭീതിയില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

ഒമിക്രോണ്‍ വ്യാപനഭീതിയില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റീന്‍. ഇവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇവര്‍ക്ക് എട്ടാം ദിവസം പരിശോധന നടത്തും. തുടര്‍ന്ന് ഏഴു ദിവസം സ്വയംനിരീക്ഷണവും ഉറപ്പാക്കും. അധ്യാപകരുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുമെന്നും മന്ത്രി.

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവും ജാഗ്രത കടുപ്പിച്ചത്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് പുറപ്പെടുംമുമ്പും എത്തിക്കഴിഞ്ഞും ക്വാറന്റീന്‍ കഴിഞ്ഞും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. വൈകിട്ട് കോവിഡ് വിദഗ്ധസമിതി യോഗം ചേരും. വിദഗ്ധസമിതി നിര്‍ദേശങ്ങള്‍ നാളെ ചേരുന്ന കോവിഡ് അവലോകനയോഗം പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ ഏഴുദിവസം ക്വാറന്റീന്‍ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി.

അയ്യായിരത്തോടടുപ്പിച്ച് രോഗികളെ എല്ലാ ദിവസവും കണ്ടെത്തുന്നുണ്ടെങ്കിലും പരിശോധന പല ദിവസങ്ങളിലും അമ്പതിനായിരം കടക്കുന്നില്ല. ഇന്നലെ പരിശോധിച്ചത് 48112 സാംപിളുകള്‍. വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് വിദഗ്ധര്‍ ഒരുപോലെ നിര്‍ദേശിക്കുന്നത്. വാക്‌സീന് അര്‍ഹതയുളള ജനസംഖ്യയുടെ 96 ശതമാനവും ആദ്യഡോസും 63 ശതമാനം പേര്‍ രണ്ടുഡോസും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്ത 14 ലക്ഷംപേര്‍ ഉണ്ടെന്നത് ആശങ്കയാണ്. മൂന്നുമാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളും മരണവും കേരളത്തിലാണ്.