Sunday, May 5, 2024
keralaNewspolitics

പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു; കെ.വി.തോമസിനെതിരെ കടുത്തനടപടിക്ക് കെ.പി.സി.സി ശുപാര്‍ശ

കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും ആശയങ്ങളെയും ആക്ഷേപിച്ചെന്ന് കാട്ടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു.                 

പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. മാതൃകാപരമായ അച്ചടക്കനടപടി വേണമെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി കെ.വി.തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമയത്തിലെന്നും കത്തില്‍ പറയുന്നു.

സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ.വി.തോമസ് . പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ്.

വികസനകാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കണം. പിണറായി വിജയന്‍ കൊണ്ടുവന്നാല്‍ അംഗീകരിക്കില്ല എന്നുപറഞ്ഞാല്‍ യോജിക്കാനാവില്ല. അന്ധമായി പിന്തുണയ്ക്കണമെന്ന് പറയില്ല; മെറിറ്റ് അടിസ്ഥാനമാക്കി തീരുമാനമെടുക്കണം അദ്ദേഹം പറഞ്ഞു.

എംപിമാര്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അടുപ്പിക്കില്ല. രാഷ്ട്രീയത്തില്‍ നെഗറ്റീവ് കാഴ്ചപ്പാട് എടുക്കുന്നവര്‍ ഒറ്റപ്പെടുമെന്നും കെ.വി.തോമസ് സിപിഎം സെമിനാറില്‍ പറഞ്ഞു. കരഘോഷത്തോടെയാണ് സെമിനാറില്‍ തോമസിനെ സ്വീകരിച്ചത്.രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണം അദ്ദേഹം പറഞ്ഞു. സെമിനാറിലെ തന്റെ സാന്നിധ്യം കോണ്‍ഗ്രസിന് കരുത്താകുമെന്ന് കെ.വി.തോമസ് പറഞ്ഞു.