Monday, May 6, 2024
indiaNewsworld

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു

ദില്ലി :കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയില്‍ നിന്നും സെര്‍ച്ച് ചെയ്യുമ്പോള്‍ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയില്‍ ഇന്ത്യ നിരവധി പാകിസ്ഥാന്‍ ഹാന്‍ഡിലുകള്‍ നിരോധിച്ചപ്പോള്‍ പാക്ക് സര്‍ക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഇതിനോടകം വന്നു തുടങ്ങിയിട്ടുണ്ട്. ട്വിറ്ററിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് സാധാരണയായി മൈക്രോബ്ലോഗിംഗ് സൈറ്റ് ഇത്തരം നടപടി സ്വീകരിക്കുന്നത്. യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഇതുപോലെ തന്നെ ജൂണില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു