Saturday, May 18, 2024
HealthkeralaNews

കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ; മുഖ്യമന്ത്രി

സംസ്ഥാനത്ത് 161 പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലെന്നും ഈ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവില്‍ ഉണ്ട്. അതനുസരിച്ചു പണം ചിലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. പൈസയില്ലാത്തത് കൊണ്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകരുത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് സേനാംഗങ്ങളില്‍ പലരും രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പോലീസുകാര്‍ക്ക് പ്രത്യേക സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കാന്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.