Sunday, May 19, 2024
keralaNewsObituary

കൊലപാതകം ദൃശ്യം മോഡല്‍; ചങ്ങനാശേരിയില്‍ വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോട്ടയം: ആലപ്പുഴയില്‍ നിന്നും കാണാതായ വ്യക്തിയുടെ മൃതദേഹം ചങ്ങനാശേരിയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തിയത് ബിന്ദുകുമാറിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് ഇത് സ്ഥിരീകരിക്കുകയുള്ളു.            ചങ്ങനാശേരി ഡിവൈഎസ്പി, ചങ്ങനാശേരി തഹസില്‍ദാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വീടിനുള്ളില്‍ പരിശോധന നടത്തിയത്. കോണ്‍ക്രീറ്റ് തറ പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 26ാം തിയതി മുതലാണ് ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതി ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തൃക്കൊടിത്താനത്ത് തോട്ടില്‍ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ബിന്ദുകുമാര്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ താമസിക്കുന്ന വീടാണെന്ന് പോലീസിന് വിവരം ലഭിച്ചു. മുത്തുകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് വീട് തുറന്നു പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. മുത്തുകുമാര്‍ ഇപ്പോളും ഒളിവിലാണെന്നാണ് വിവരം. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. ഇയാളുടെ മൂന്ന് മക്കളേയും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. മുത്തുകുമാറിനായി അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും.കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരില്‍ തോട്ടില്‍ നിന്നും ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് സൂചന.