Wednesday, April 24, 2024
keralaNews

സംസ്ഥാനത്ത് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പിഎഫ്‌ഐയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംസ്ഥാനത്ത് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഇവര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാലത്തലത്തില്‍ കൂടിയാണ് അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ്‌ഐയുടെ ഹിറ്റ് ലിസ്റ്റില്‍ കൂടി ഉള്‍പ്പെട്ടവരാണ് എന്നാണ് വിവരം.  കേരളത്തിലെ ഒരു പിഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്‌ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്‌ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത്. പതിനൊന്ന് അര്‍ധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കള്‍ക്ക് വൈ കാറ്റഗറിയില്‍ ലഭിക്കുക. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കള്‍ക്കും നിലവില്‍ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് പൊലിസ് ആസ്ഥാനത്ത് ചേരും. ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.                               പി.എഫ്.ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യം, ലഹരിക്കെതിരായ പ്രചാരണ പരിപാടികള്‍, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയുമായുളള യോഗത്തിന് മുമ്പ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു.  നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്ന നടപടി തമിഴ്‌നാട്ടിലും തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്തു.                                                                        ചെന്നൈ പുരസൈവാക്കത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ പൊലീസും എന്‍ഐഎയും റവന്യു ഉദ്യോഗസ്ഥരുമെത്തി പൂട്ടി മുദ്ര വച്ചു. പിഎഫ്‌ഐയ്ക്കു സ്വാധീനമുള്ള കോയമ്പത്തൂര്‍ മേഖലയിലെ നിരവധി ഓഫിസുകളും സീല്‍ ചെയ്തു. സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്താകെ അരലക്ഷത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.