Friday, May 3, 2024
BusinessindiakeralaNewspolitics

പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ കടപ്പാടും മുന്നേറ്റവും ശ്രദ്ധേയമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ കടപ്പാടും മുന്നേറ്റവും ശ്രദ്ധേയമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി ഇല്ലാതാക്കാനായി വൈദ്യുത വാഹനങ്ങള്‍ ജനങ്ങള്‍ വ്യാപകമായി സ്വീകരിച്ചു തുടങ്ങിയതായി കേന്ദ്ര ഊര്‍ജ്ജ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഈ മാസം 8-ാം തിയതി വരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 8.77 ലക്ഷം ഇലട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങിയെന്ന് മന്ത്രി അറിയിച്ചു. ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജര്‍ ഇന്ത്യയുടെ മുന്നേറ്റം വിശദീകരിച്ചത്. വൈദ്യുത വാഹനങ്ങളിലേക്ക് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യമാണ്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് ലഭിക്കാനായി നിര്‍മ്മാതാക്കള്‍ക്ക് സബ്സിഡി നല്‍കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് വാഹനം പുറത്തിറക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ടു തരത്തിലുള്ള സബ്സിഡികളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് 18,100 കോടിരൂപയാണ് 50 ജിഗാ വാട്ട് ശേഷിയുള്ള ബാറ്ററി നിര്‍മ്മാണത്തിനായി വകകൊള്ളിച്ചിരിക്കുന്നത്. രണ്ടാമത്തേത് വാഹനങ്ങളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കായി 25,938 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്.ജി.എസ്.ടി ഇനത്തില്‍ 12 മുതല്‍ 15 ശതമാനം വരെയ കുറവും വരുത്തിയിട്ടുണ്ട്. 2015 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റം ആഗോളതലത്തില്‍ തന്നെ മാതൃകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.