Tuesday, April 23, 2024
indiakeralaNewsUncategorized

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള രാജ്യവ്യാപക റെയ്ഡില്‍ 11 സംസ്ഥാനങ്ങളില്‍ 45 പേര്‍ അറസ്റ്റില്‍

ദില്ലി:രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡില്‍ 45 പേര്‍ അറസ്റ്റില്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനില്‍ 11 സംസ്ഥാനങ്ങളിലായി 150 ലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.           രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു കേസുകളിലായി 19 പേര്‍ കേരളത്തില്‍ മാത്രം അറസ്റ്റിലായി. തമിഴ്‌നാട്ടില്‍ 11 പേരും കര്‍ണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയില്‍ എത്തിച്ചു. ഒഎംഎ സലാം ഉള്‍പ്പടെയുള്ളവരെ ദില്ലി കോടതിയില്‍ ഹാജരാക്കി. ഒഎംഎ സലാം, ജസീര്‍ കെപി, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, ഷഫീര്‍ കെപി, പി അബൂബക്കര്‍, പി കോയ,
ഇ എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങി 14 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരെ കൊച്ചി വഴിയും 12 പേരെ കരിപ്പൂര്‍ വഴിയുമാണ് കൊണ്ടുപോയത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് രഹസ്യ ഓപ്പറേഷന്‍ എന്‍ഐഎ തുടങ്ങിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാന്‍ പലയിടത്തായി ആറു കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കിയിരുന്നു. 1500ലധികം ഉദ്യോഗസ്ഥര്‍ റെയ്ഡുകളില്‍ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന.തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്തു. ഭീകരവാദത്തിന് പണം വന്നതിനും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയതിനും നിരോധിച്ച സംഘടനകളില്‍ ആളെ ചേര്‍ക്കുന്നതിനും രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നീക്കം.  വിദേശത്തു നിന്നുള്ള ഫണ്ടിംഗിന്റെ സൂചനകള്‍ കിട്ടിയതായാണ് വിശദീകരണം. രാജസ്ഥാനില്‍ എസ്ഡിപിഐ നേതാക്കളും അറസ്റ്റിലായി. നൂറിലധികം ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു. ചിലരുടെ വീട്ടില്‍ നിന്ന് പണം പിടിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ആന്ധ്രയിലെയും തെലങ്കാനയിലെയും പിഎഫ്‌ഐ നേതാക്കള്‍ക്കെതിരായ കേസും അടുത്തിടെ എന്‍ഐഎ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലെ 40 കേന്ദ്രങ്ങളില്‍ എന്‍ഐ കഴിഞ്ഞയാഴ്ച റെയ്ഡു നടത്തി. അതിനു പിന്നാലെയാണ് ദേശീയ നേതാക്കളെ തന്നെ അറസറ്റു ചെയ്തുകൊണ്ടുള്ള ഇന്നത്തെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിഎഫ്‌ഐ പ്രതികരിച്ചു. തുടര്‍നീക്കങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് എന്‍ഐഎ നല്കുന്ന സൂചന. റെയ്ഡിനും അറസ്റ്റിനുമെതിരെ പിഎഫ്‌ഐ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത് .