Monday, April 29, 2024
keralaNews

പപ്പട വില ഇന്നുമുതല്‍ കൂടും

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെ പപ്പട വില ഇന്നുമുതല്‍ കൂടും.കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വര്‍ധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

പപ്പട വ്യവസായത്തില്‍ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിര്‍മാണവും വിപണനവും ചെയ്യുന്നവരാണ്. കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിര്‍മിക്കുന്നത്. എന്നാല്‍ മൈദ കൊണ്ട് പപ്പടം നിര്‍മിച്ച് കുറഞ്ഞ വിലയില്‍ വിപണി കൈയടക്കുന്നതു കണ്ടു വരുന്നു. ഇത്തരത്തിലുള്ള മായം ചേര്‍ത്ത പപ്പടങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിര്‍മാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകള്‍ വാങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഇന്നു മുതല്‍ പപ്പടത്തിന്റെ വില വര്‍ധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.