Friday, May 3, 2024
EntertainmentindiaNews

പദ്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തു

ന്യൂഡല്‍ഹി: 2022ലെ പദ്മ അവാര്‍ഡുകള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. കേരളത്തില്‍ നിന്നും ശോശാമ്മ ഐപ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നും പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 128 പേര്‍ക്കാണ് ഇത്തവണ പദ്മ പുരസ്‌കാരം ലഭിച്ചത്.

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷണ്‍ മക്കള്‍ ഏറ്റുവാങ്ങി. ഗീത ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന രാധേ ശ്യാം ഖേംകക്കും മരണാനന്തര ബഹുമതിയായി നല്‍കിയ പദ്മവിഭൂഷണ്‍ മകന്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചു.

പാരാലിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് ദേവേന്ദ്ര ഹജ്ഹരിയ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി സൈറസ് പൂനാവാല, സത്യനന്ദ് സ്വാമി എന്നിവര്‍ പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡയറക്ടര്‍ ചന്ദ്രപ്രകാശ് ദ്വിവേദി, ഹോക്കി താരം വന്ദന കട്ടാരിയ, ആവ്നി ലേഖ്ര എന്നിവര്‍ പദ്മശ്രീ പുരസ്‌കാരവും രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി.

പദ്മ പുരസ്‌കാര ജേതാക്കളായ ബാക്കി 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്‌കാരം വിതരണം ചെയ്യും. നീരജ് ചോപ്ര, സോനു നിഗം, അനില്‍ രാംജ് വംശി, ബാലാജി താംബെ, ഭീംസെന്‍, വിജയ കുമാര്‍ ഡോംഗ്രെ എന്നിവരാണ് മറ്റ് പദ്മശ്രീ ജേതാക്കള്‍. നാല് മലയാളികള്‍ക്ക് പദ്മ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ശങ്കര നാരായണ മേനോന്‍ ചൂണ്ടയില്‍ (കായികം), പി നാരായണക്കുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെവി റാബിയ (സാമൂഹിക സേവനം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍.