Friday, May 3, 2024
keralaNewsUncategorized

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടാക്സി നിരക്ക് മിനിമം 175 രൂപയില്‍ നിന്ന് 210 രൂപയായി ഉയര്‍ത്താനും, ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആയി ഉയര്‍ത്താനുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ.’ഓട്ടോ-ടാക്സികള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര കിലോമീറ്റര്‍ ദൂരത്തിന് 25 രൂപയാണ് ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്. ഇത് 40 രൂപയായി ഉയര്‍ത്താനാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 30 രൂപ മിനിമം ചാര്‍ജ് ആക്കാനാണ്’ മന്ത്രി വ്യക്തമാക്കി.

ടാക്സികളെ സംബന്ധിച്ചിടത്തോളം 1500 സിസി വരെയുള്ള കാറുകള്‍ക്ക് 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. അത് 210 ആയി ഉയര്‍ത്താനാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെയിറ്റിംഗ് ചാര്‍ജ് ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് കമ്മിറ്റി അറിയിച്ചത്. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിലയിരുത്തിയ ശേഷം നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.