Monday, April 29, 2024
indiakeralaNewspolitics

പദ്മരാജന്റെ 218- ാമത്തെ തിരഞ്ഞെടുപ്പ് … ഇത്തവണ തൃക്കാക്കരയിലും മത്സരിക്കും

കൊച്ചി:ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച പദ്മരാജന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കര മണ്ഡലത്തില്‍ പ്രചരണം പൊടിപൊടിക്കുമ്പോള്‍ മറ്റ് സ്ഥാനാര്‍ത്ഥികളെത്തും മുന്‍പേ സ്ഥാനാര്‍ത്ഥി പത്രികനല്‍കി മേട്ടൂര്‍ സ്വദേശി പദ്മരാജന്‍. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിന്റേയും തോറ്റതിന്റേയും റെക്കോര്‍ഡുമായാണ് ഇലക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന പദ്മരാജന്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്.

യുഡിഎഫ്- എല്‍ഡിഎഫ് മുന്നികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഇവര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്‍പേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്മരാജന്‍ ഇന്നലെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചയാള്‍, ഏറ്റവുമധികം തെരഞ്ഞെടുപ്പുകളില്‍ തോറ്റയാള്‍ എന്നിങ്ങനെ ഗിന്നസ്, ലിംക റെക്കോര്‍ഡ് ബുക്കുകളില്‍ ഇടംപിടിച്ച ആളാണ് പദ്മരാജന്‍.

കെ ആര്‍ നാരായണന്‍, എപിജെ അബ്ദുല്‍ കലാം, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, അടല്‍ ബിഹാരി വാജ്‌പേയി, പിവി നരസിംഹറാവു, മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, എകെ ആന്റണി, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ ജെ ജയലളിത, എം കരുണാനിധി, വൈഎസ് രാജശേഖര റെഡ്ഡി, എസ്എം കൃഷ്ണ, രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ മത്സരിച്ചിട്ടുണ്ട്.

1988ല്‍ തമിഴ് നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു പത്മരാജന്റെ കന്നിയങ്കം കുറിച്ചത്. തുടര്‍ന്ന് പലതവണ മത്സരിച്ച് തോറ്റ പത്മരാജന്റ 218-ാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്.

30 ലക്ഷത്തിലധികം രൂപയാണ് ഇതുവരെ തെരഞ്ഞെടുപ്പുകള്‍ക്കായി ചെലവാക്കിയത്.