Friday, May 3, 2024
keralaNews

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്‍തുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി മഞ്ജുവാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് കോടതി ജാമ്യം അനുവദിച്ചു.

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

2019 ആഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി.

ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യര്‍ പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354ഉ വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് .

തിരുവനന്തപുരം പാറശാലയില്‍ ബന്ധു വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

ഇന്നോവ വാഹനത്തില്‍ സിവില്‍ ഡ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുമ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിട്ടിരുന്നു.

അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.