Friday, May 3, 2024
keralaNewspolitics

പത്തനംതിട്ടയിലും താമര വിരിയുമെന്ന് ; പ്രധാനമന്ത്രി

പത്തനംതിട്ട : ഇത്തവണ പത്തനംതിട്ടയിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് യുവത്വത്തിന്റെ ഊര്‍ജ്ജം കൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. എന്‍ഡിഎയ്ക്ക് ഇത്തവണ നാനൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാറിമാറി വരുന്ന ഇടതുവലത് സര്‍ക്കാരുകള്‍ കെടുകാര്യസ്ഥതയുടെ പ്രതീകങ്ങളാണ്. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ എത്രമാത്രം പ്രയാസപ്പെട്ടാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങള്‍ക്കറിയാം. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. വളരെ മോശം ക്രമസമാധാന നിലയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ക്രിസ്ത്യന്‍ പള്ളികളിലെ പുരോഹിതന്മാര്‍ പോലും അക്രമത്തിന് ഇരയാകുന്ന അവസ്ഥയായി മാറി കഴിഞ്ഞു. കേരളത്തിലെ കോളേജ് കാമ്പസുകള്‍ കമ്യൂണിസ്റ്റ് താവളമായി. യുവാക്കളടക്കം ഭയന്ന് ജീവിക്കേണ്ടി വന്നിരിക്കുകയാണ് എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അധികാരമോഹം മാത്രമാണുള്ളത്. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നതായി കാണിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന അവര്‍ ഡല്‍ഹിയിലെത്തിയാല്‍ തോളോട് തോള്‍ നില്‍ക്കുന്നു. രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ച് അധികാരത്തിലെത്തുന്ന എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.കേരളത്തിന്റെ സംസ്‌കാരമെന്നാല്‍ ആദ്ധ്യാത്മികതയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. എന്നാല്‍ ഇവിടുത്തെ പാരമ്പര്യവും വിശ്വാസവും തകര്‍ക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. സമാധാനം ആഗ്രഹിക്കുന്ന കേരളത്തിലെ സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് കേരളത്തിലെ സര്‍ക്കാരിന്റെ രീതി. അവര്‍ അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. സ്വര്‍ണത്തിന്റെ രൂപത്തില്‍ എല്‍ഡിഎഫ് കൊള്ള നടത്തുമ്പോള്‍ സോളാറിന്റെ രൂപത്തിലാണ് യുഡിഎഫ് കൊള്ള നടത്തുന്നത്. ഈ കൊള്ളയ്ക്ക് തടയിടേണ്ടത് കേരളത്തിലെ ജനങ്ങളാണ്. പുരോഗമനാത്മകമായി ചിന്തിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഇടതിനെ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും ജനങ്ങള്‍ പുറത്താക്കി. വോട്ടുബാങ്കിന്റെ രാഷ്ട്രീയം മാത്രമാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ പയറ്റുന്നത്. അഴിമതി നിറഞ്ഞ ഈ സര്‍ക്കാരുകള്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പത്തനംതിട്ടയിലെ മൂന്നരലക്ഷം ജനങ്ങള്‍ക്ക് ജല്‍ജീവന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുടിവെള്ള ടാപ്പുകള്‍ നല്‍കി. 5 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍, ഒന്നരലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം, ഒന്നരലക്ഷം വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍, 12,000 സ്ത്രീകള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം എല്‍പിജി കണക്ഷനും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തി.കേരളജനതയുടെ യഥാര്‍ത്ഥവികാരം കേന്ദ്രസര്‍ക്കാരിലേക്ക് എത്തിക്കുന്നതിന് ഇവിടെ നിന്നും എംപിമാര്‍ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിന്റെ വികസനം ദ്രുതഗതിയിലാക്കാന്‍ ഇവിടെനിന്നും എന്‍ഡിഎ എംപിമാര്‍ ഉണ്ടാകണം. നരേന്ദ്രമോദി പറഞ്ഞു.