Saturday, May 4, 2024
keralaNewspolitics

കടുത്തുരുത്തിയില്‍ ‘ലയന’ സമ്മേളനം; മോന്‍സിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പി സി തോമസ്

പി.സി.തോമസുമായി ലയിച്ചതോടെ പൊതുചിഹ്നവും കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പൈതൃകവും പി.ജെ. ജോസഫിനു സ്വന്തം. 2010 വരെ താന്‍ നയിച്ച ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസിലേക്കു പി.ജെ. ജോസഫ് തിരിച്ചെത്തിയെന്നതില്‍ പി.സി.തോമസിന് അഭിമാനിക്കാം.

പി.ടി.ചാക്കോയുടെയും കെ.എം. ജോര്‍ജിന്റെയും പൈതൃകം ലഭിച്ചതില്‍ ജോസഫിനും അഭിമാനം. കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു കാരണക്കാരനായ പി.ടി.ചാക്കോയുടെ മകനാണ് പി.സി.തോമസെങ്കില്‍ സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്റെ മകനാണ് ജോസഫിനൊപ്പമുള്ള കെ.ഫ്രാന്‍സിസ് ജോര്‍ജ്.കേരള കോണ്‍ഗ്രസിലെ (എം) പിളര്‍പ്പിനു ശേഷം പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ.ജോസഫിന് ജോസ് കെ.മാണിയെ നേരിടാന്‍ ലയനം കരുത്തേകും. എന്‍ഡിഎയുമായി അകന്ന തോമസിന്റെ തിരിച്ചുവരവിനും ലയനം വഴിയൊരുക്കും. 6 മാസം മുന്‍പ് ആരംഭിച്ചെങ്കിലും വേഗമില്ലാതിരുന്ന ലയന നീക്കം ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച പുലര്‍ച്ചെ 4 വരെ നീണ്ട ചര്‍ച്ചയിലാണ് വിജയത്തിലെത്തിയത്.പുതിയ പാര്‍ട്ടിയില്‍ പദവികള്‍ പങ്കു വയ്ക്കുന്നതില്‍ ധാരണയിലെത്തിയതോടെ ലയനം എളുപ്പമായി. അങ്ങനെ 13 വര്‍ഷത്തിനു ശേഷം ജോസഫിനൊപ്പം തോമസുമെത്തി. 2008ല്‍ പി.സി.തോമസ് പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ചെങ്കില്‍ 2021ല്‍ പി.ജെ.ജോസഫ് തിരിച്ചു ലയിച്ചുവെന്നു മാത്രം.