Wednesday, May 15, 2024
indiaNews

ധീരജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രാഷ്ട്രത്തിന് വേണ്ടി പ്രണാമം അര്‍പ്പിക്കുന്നു: രാഷ്ട്രപതി

ന്യൂഡല്‍ഹി : കാര്‍ഗില്‍ വിജയ് ദിവസില്‍ വീരജവാന്മാരെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സമൂഹമാദ്ധ്യമത്തിലൂടെയാണ് രാഷ്ട്രപതി കാര്‍ഗില്‍ദിനം അനുസ്മരിച്ചത്. കാര്‍ഗില്‍ വിജയ് ദിവസില്‍ രാജ്യം സേനയുടെ വീര്യത്തെ സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ വിജയത്തിനായി ജീവിതം സമര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രാഷ്ട്രത്തിന് വേണ്ടി പ്രണാമം അര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ജവാന്മാരുടെ വീരോചിതമായ ജീവിതം വരും തലമുറകള്‍ക്ക് എക്കാലവും പ്രചോദനമാണെന്നും രാഷ്ട്രപതി കുറിച്ചു. പാകിസ്താന് മേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ 24-ാം വാര്‍ഷികമാണ് രാജ്യം പുതുക്കുന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ‘ഓപ്പറേഷന്‍ വിജയ്’ലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താന് യുദ്ധത്തില്‍ നിന്നും പിന്മാറേണ്ടിവന്നു. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായത് 527 ധീരജവാന്‍മാരുടെ ജീവനായിരുന്നു. 1999 ജൂലൈ 14-ന് ഇന്ത്യ പാകിസ്താന് മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.