Friday, May 10, 2024
indiaNews

നീറ്റ് പിജി പരീക്ഷ തീയതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

ദില്ലി: നീറ്റ് പിജി പരീക്ഷ തീയതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മാറ്റുന്നത് ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും ഇടയാക്കും. മെയ് 21ന് പരീക്ഷ നടക്കും. ഡോക്ടര്‍മാരുടെ അഭാവത്തിനും ഇത് വഴിവയ്ക്കുകയും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും ചെയ്യും. പരീക്ഷ മെയ് 21 ന് തന്നെ നടക്കുമെന്നും അറിയിപ്പുണ്ട്. നീറ്റ് പിജി പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരീക്ഷ ജൂലൈ 9 ലേക്ക് മാറ്റിയെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. 15,000 വിദ്യാര്‍ത്ഥികളാണ് നീറ്റ് പിജി പരീക്ഷ എഴുതുന്നത്.കൗണ്‍സിലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി നേരത്തെ ഒരു വിഭാഗം പരീക്ഷാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. പരീക്ഷാ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് മെയ് 21ലെ പരീക്ഷ ജൂലൈ 9ലേക്ക് മാറ്റിയെന്ന തരത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍ പ്രചരിച്ചത്. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.