Tuesday, May 7, 2024
keralaNewsSports

സന്തോഷ് ട്രോഫി; കേരള ടീമിനും പരിശീലകനും പാരിതോഷികം നല്‍കും

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ 20 കളിക്കാര്‍ക്കും, മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കും.

മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കാനാണ് തീരുമാനം.

കായിക നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് സംസ്ഥാനം അര്‍ഹമായ അംഗീകാരം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായി നേരത്തെ മുതല്‍ ആക്ഷേപം ഉണ്ട്. പല മത്സരങ്ങളിലും കേരളത്തിന് വേണ്ടി പങ്കെടുത്ത് വിജയിച്ചവര്‍ ഇത്തരം അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്.

സന്തോഷ് ട്രോഫി നേടിയപ്പോള്‍ തന്നെ കളിക്കാര്‍ക്കും പരിശീലകനും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നതായി വിജയശേഷം പരിശീലകനായ ബിനോ ജോര്‍ജ്ജ് പറഞ്ഞിരുന്നു എല്ലാവരും പാവപ്പെട്ട വീടുകളിലെ കുട്ടികളാണെന്നും അവര്‍ക്ക് ജോലി നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ഓഖി ദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേര്‍ക്ക് നഷ്ടപരിഹാര തുകയായ 24,60,405 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബ്രിജിന്‍ മേരി (പൂന്തുറ), കെജിന്‍ ബോസ്‌കോ (പൊഴിയൂര്‍), റോമല്‍ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂര്‍) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക.

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറിയുടെയും ജനറല്‍ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍ക്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുടെ തസ്തിക അഞ്ചു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കാനും തീരുമാനിച്ചു.