Thursday, May 16, 2024
keralaNews

വലിയ വിലയ്ക്കു വൈദ്യുതി വാങ്ങിയതും വിവാദത്തില്‍

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു വൈദ്യുതി ഉപയോഗം ശരാശരിയിലും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഹ്രസ്വകാല ഇടപാടു വഴി വലിയ വില കൊടുത്തു വൈദ്യുതി വാങ്ങിയതിനെതിരെയും വിമര്‍ശനമുയരുന്നു.ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രതിദിന വൈദ്യുതി ഉപയോഗം 90 ദശലക്ഷം യൂണിറ്റിനു മുകളിലെത്തുമെന്നു കണക്കാക്കിയാണ് അദാനിയില്‍ നിന്നു യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ഫെബ്രുവരിയില്‍ കരാറുണ്ടാക്കിയത്. എന്നാല്‍ ഇപ്പോഴും ശരാശരി വൈദ്യുതി ഉപയോഗം 82 ദശലക്ഷം യൂണിറ്റാണ്.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചു പൂട്ടിയ പല വ്യവസായ സ്ഥാപനങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതുള്‍പ്പെടെ കാരണങ്ങള്‍ മൂലം വൈദ്യുതി ഉപയോഗം ഒരു വര്‍ഷത്തോളമായി പ്രതീക്ഷിച്ചത്ര ഉയര്‍ന്നിട്ടില്ല. കരാര്‍ പ്രകാരം ലഭിക്കുന്ന വൈദ്യുതി പൂര്‍ണമായി ആവശ്യമില്ലാതെ വന്നതോടെ, നെയ്വേലി നിലയത്തില്‍ നിന്നു കെഎസ്ഇബിക്ക് അനുവദിച്ച വൈദ്യുതിയുടെ അധികഭാഗം കഴിഞ്ഞ നവംബറില്‍ മറിച്ചു നല്‍കിയിരുന്നു. ദീര്‍ഘകാല കരാറുകളിലൂടെ യൂണിറ്റിനു ശരാശരി 2 രൂപ നിരക്കില്‍ പ്രതിദിനം 90 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി കേരളത്തിനു ലഭ്യമാണെന്നിരിക്കെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതു ഗൂഢ ലക്ഷ്യത്തോടെയാണെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.