Saturday, May 4, 2024
NewsSportsworld

നീരജ് ചോപ്ര നേരിട്ട് ജാവലിന്‍ ഫൈനലില്‍

ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യ ഏറ്റവുമധികം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ജാവലിന്‍ ത്രോയില്‍ വിശ്വാസം കാത്ത് നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതൗ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടില്‍ മത്സരിച്ച താരങ്ങളില്‍ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതാണ്. ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം 85.16 മീറ്റര്‍ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ബി ഗ്രൂപ്പില്‍ യോഗ്യതയ്ക്കായി മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശിവ്പാല്‍ സിങ് 76.40 മീറ്റര്‍ ദൂരത്തിലൊതുങ്ങി ഫൈനല്‍ കാണാതെ പുറത്തായി.

ആദ്യ റൗണ്ടില്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടുന്നതിനുള്ള ദൂരം 84.50 മീറ്റര്‍ ആയിരുന്നു. ഈ ദൂരത്തേക്കാള്‍ രണ്ട് മീറ്ററിലധികം ദൂരം ആദ്യ ശ്രമത്തില്‍ത്തന്നെ കണ്ടെത്തി രാജകീയമായിട്ടാണ് നീരജിന്റെ ഫൈനല്‍ പ്രവേശം. ഓഗസ്റ്റ് ഏഴിനാണ് ഫൈനല്‍.

എ, ബി ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ഗ്രൂപ്പിലാണ് നീരജ് മത്സരിച്ചത്. യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്നു ശ്രമങ്ങളിലായി 84.50 മീറ്റര്‍ ദൂരം പിന്നിടുന്നവര്‍ക്ക് നേരിട്ട് ഫൈനല്‍ യോഗ്യതയെന്നതാണ് ചട്ടം. അതല്ലെങ്കില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തുന്ന 12 പേര്‍ക്ക് ഫൈനല്‍ പ്രവേശം.

ഗ്രൂപ്പ് എയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം ക്ലിയര്‍ ചെയ്ത നീരജ് മറ്റുള്ളവരുടെ ത്രോകള്‍ക്കായി കാത്തുനില്‍ക്കാതെ നേരിട്ട് ഫൈനലിന് യോഗ്യത നേടി. ഇതോടെ തുടര്‍ന്നുള്ള രണ്ട് അവസരങ്ങള്‍ താരം വിനിയോഗിച്ചുമില്ല. നീരജിനു പുറമെ ഫിന്‍ലന്‍ഡ് താരം ലാസ്സി എറ്റലാറ്റലോ ആദ്യ ശ്രമത്തില്‍ത്തന്നെ യോഗ്യതാ മാര്‍ക്കായ 84.50 മീറ്റര്‍ ദൂരത്തോടെയും ജര്‍മനിയുടെ ലോക ഒന്നാം നമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ മൂന്നാം ശ്രമത്തില്‍ 85.64 മീറ്റര്‍ ദൂരത്തോടെയും നേരിട്ട് ഫൈനലിന് യോഗ്യത നേടി.

അതേസമയം, ഗ്രൂപ്പ് ബിയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശിവ്പാല്‍ സിങ് നിരാശപ്പെടുത്തി. ആദ്യ ത്രോയില്‍ത്തന്നെ 76.40 മീറ്റര്‍ ദൂരം കണ്ടെത്തി ഭേദപ്പെട്ട തുടക്കമിട്ട ശിവ്പാല്‍, അടുത്ത ഏറുകളില്‍ നിരാശപ്പെടുത്തി. 74.80 മീറ്റര്‍, 74.81 മീറ്റര്‍ എന്നിങ്ങനെയാണ് അടുത്ത ശ്രമങ്ങളില്‍ ശിവ്പാലിന് കണ്ടെത്താനായത്.