Friday, May 17, 2024
keralaNews

ലോക്ഡൗണ്‍ ഇളവുകള്‍; പ്രഖ്യാപനം ഇന്ന്

ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തും. അതേസമയം, കൊവിഡ് മൂലം ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

ടി പി ആര്‍ അടിസ്ഥാനത്തിലുള്ള ലോക്ഡൗണിന് പകരം വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി നിയന്ത്രണങ്ങള്‍. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനും, ബാക്കി എല്ലാ ദിവസവും കടകള്‍ തുറക്കാനും തീരുമാനമായി. കടകള്‍ രാത്രി ഒമ്പതുവരെ തുറക്കാനാണ് അനുമതിയുണ്ടാവുക.

ടി പി ആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ അതില്‍ മാറ്റം വരുത്തുന്നത്. ഒരു തദ്ദേശ വാര്‍ഡില്‍ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടല്‍. മൈക്രോ കണ്ടെയിന്മെന്റ് രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍. ഒരു വാര്‍ഡില്‍ ആയിരം പേരിലെത്ര രോഗികള്‍ എന്ന രീതിയില്‍ കണക്കാക്കാനാണ് ആലോചന.

അതേസമയം, സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാരാന്ത്യ ലോക്ഡൗണില്ല. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിലവില്‍ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. സംസ്ഥാനത്ത് നിലവില്‍ 323 തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിള്‍ ലോക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്‌സിനെടുത്തവര്‍ക്കായിരിക്കും മുന്‍ഗണന.