Friday, May 3, 2024
EntertainmentkeralaNews

നിവിന്‍ പോളിയുടെ പടവെട്ട്   നാളെ മുതല്‍ തിയറ്ററുകളിലേക്ക്

തൃശൂര്‍: നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന നിവിന്‍ പോളിയെ നായകനാക്കിയ ചിത്രം പടവെട്ട് നാളെ തിയറ്ററുകളിലേക്ക്. കേരളത്തില്‍ മാത്രം 186 സ്‌ക്രീനുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. മികച്ച സ്‌ക്രീന്‍ കൌണ്ടുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ജിസിസിയിലും കാനഡ ഉള്‍പ്പെടെയുള്ള മറ്റു വിദേശ മാര്‍ക്കറ്റുകളിലും നാളെത്തന്നെ ചിത്രം പ്രദര്‍ശനം ആരംഭിക്കും.  ജിസിസിയില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന് റിലീസ്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തില്‍ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയുടെ ഭാഗമായ യൂഡ്‌ലീ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണ പങ്കാളി. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.