Sunday, May 5, 2024
indiaNews

നിവാര്‍ കടന്നു പോയി ; ദിവസങ്ങള്‍ കഴിഞ്ഞിട്ടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ തന്നെ…

തുടര്‍മഴയില്‍ വെള്ളത്തിലായ തമിഴ്‌നാട്ടിലെ താംബരത്തെ സെമ്മഞ്ചേരി, മുടിച്ചൂര്‍ മേഖലകള്‍ നിവാര്‍ കടന്നു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളക്കെട്ടില്‍ വലയുന്നു. നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണിവ. താംബരം മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ റിയല്‍ എസ്റ്റേറ്റ് വികസനമാണു വെള്ളക്കെട്ടിനു പ്രധാന കാരണം. സെമ്മഞ്ചേരി, മുടിച്ചൂര്‍ മേഖലയില്‍ നിന്നു 10 കിലോ മീറ്റര്‍ അകലെ മാത്രമാണ് നഗരത്തിലെ ഏറ്റവും വലിയ സംഭരണിയായ ചെമ്പരമ്പാക്കം. കനത്ത മഴയെ തുടര്‍ന്നു സംഭരണിയുടെ ഷട്ടറുകള്‍ തുറന്നതും വെള്ളപ്പൊക്കത്തിനു കാരണമായി. ജലം സ്വാഭാവികമായി ഒഴുകി പോകുന്നതിനുള്ള വഴികള്‍ അടച്ചു വ്യാപകമായി കെട്ടിടങ്ങള്‍ നിര്‍മിച്ചതോടെയാണ് ഇവിടം പ്രളയ ബാധിതമായത്.

ചുഴലിക്കാറ്റ് വീശിയ ദിവസങ്ങളില്‍ ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഷോലിംഗനല്ലൂരിനു സമീപമാണ് മുടിച്ചൂരും സെമ്മഞ്ചേരിയും. 3 കിലോ മീറ്റര്‍ ചുറ്റളവില്‍ മൂന്നടിയോളം ഉയരത്തിലാണ് ഇവിടെ വെള്ളക്കെട്ട്. കുട്ടികളും, ഗര്‍ഭിണികളും, പ്രായമായവരും വെള്ളപ്പൊക്കം മൂലം ദിവസങ്ങളായി പ്രയാസപ്പെടുകയാണെന്നു ജനങ്ങള്‍ പരാതിപ്പെടുന്നു. ആയിരത്തിലധികം കുടുംബങ്ങളാണ് ഇവിടെ താമസം.

2015ലെ വെള്ളപ്പൊക്കം ഏറ്റവും ബാധിച്ചതും ഇവിടെയാണ്. ഒരാഴ്ചയിലേറെ വെള്ളക്കെട്ടു നിലനിന്നു. അന്നത്തെ മുഖ്യമന്ത്രി ജയലളിത മുന്‍കയ്യെടുത്തു കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ഒഴുകിയെത്തുന്ന ജലം അഡയാര്‍ നദിയിലേക്കു വഴിതിരിച്ചുവിടാന്‍ 20 അടി വീതിയില്‍ കനാലും നിര്‍മിച്ചു. ഇതാണ് ഇത്തവണ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി അല്‍പമെങ്കിലും കുറയ്ക്കാന്‍ സഹായിച്ചത്. അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പലയിടങ്ങളിലും കനാല്‍ കയ്യേറി നിര്‍മാണം നടത്തിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു. വെള്ളക്കെട്ടു തടയാന്‍ സമഗ്ര പദ്ധതി വേണമെന്നു റസിഡന്റ്‌സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.