Friday, April 26, 2024
indiaNews

ഇന്ത്യക്കാര്‍ മൂല്യം കല്‍പ്പിക്കുന്നത് സൈനികരുടെ ത്യാഗത്തിനാണ്; ജനറല്‍ കെജെഎസ് ധില്ലന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ കശ്മീര്‍ സോളിഡാരിറ്റി ഡേയില്‍ കശ്മീരി വിഘടന വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹ്യുണ്ടായി പാകിസ്ഥാന്‍ ഇട്ട പോസ്റ്റിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്താന്‍ ഹ്യുണ്ടായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലനും രംഗത്തെത്തി.                                                                            രാജ്യത്തിന് വേണ്ടി നിരവധി സൈനികര്‍ ജീവത്യാഗം നടത്തിയിട്ടുണ്ടെന്നും, അവരുടെ ത്യാഗമാണ് രാജ്യത്തിന് അമൂല്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിരവധി ധീര സൈനികരേയും ആയുധമില്ലാത്ത സാധാരണക്കാരായ ആളുകളുടേയും ജീവന്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. അവരുടെ ജീവത്യാഗമാണ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വലുത്. പാഴ്വസ്തുക്കളെ ബഹിഷ്‌കരിക്കൂ. സ്വദേശിയാകൂ, സ്വദേശി വാങ്ങൂ’ അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായ് പാകിസ്താന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വിഘടനവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കശ്മീര്‍ സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നമുക്ക് പിന്തുണക്കാം” എന്നായിരുന്നു പോസ്റ്റ്. തുടര്‍ന്ന് കമ്പനിക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പോസ്റ്റുകള്‍ പിന്നീട് നീക്കം ചെയ്‌തെങ്കിലും ഹ്യുണ്ടായിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. #ബോയ്‌കോട്ട്ഹ്യുണ്ടായ് ട്വിറ്ററിലും ട്രെന്‍ഡിങ് ആയി. കമ്പനിയുടെ സമൂഹമാദ്ധ്യത്തിലെ പോസ്റ്റ് സംബന്ധിച്ച് നിരവധി പേര്‍ ഇവരുമായി ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് ഹ്യുണ്ടായ് ഇന്ത്യ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ദേശീയതയെ ബഹുമാനിച്ച് ശക്തമായ ധാര്‍മ്മികതയ്ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. ‘ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് ഈ മഹത്തായ രാജ്യത്തോടുള്ള പ്രതിബദ്ധതയേയും സേവനത്തേയും വ്രണപ്പെടുത്തുന്നതായിരുന്നു സമൂഹമാദ്ധ്യമത്തിലെ ആ പോസ്റ്റ്. ഇന്ത്യ ഹ്യുണ്ടായ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ വീടാണ്. അസഹിഷ്ണുത ഉണ്ടാക്കുന്ന പ്രസ്താവനകളോട് യാതൊരു രീതിയിലും ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കുന്നതല്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരേയും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. വിഷയത്തില്‍ പാകിസ്താനെ വിമര്‍ശിക്കാതെ എവിടേയും തൊടാതെയുള്ള മറുപടിയാണ് ഹ്യുണ്ടായ് ഇന്ത്യയുടേത് എന്നായിരുന്നു വിമര്‍ശനം.