Friday, May 3, 2024
keralaNews

നിപ: രോഗവ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്

നിപ രോഗവ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയതായതെന്ന് അദ്ദേഹം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2018 ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുര്‍ഘടമായിരിക്കില്ല. ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സജ്ജരാണെന്നും ഒരു ടീം ആയി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും മന്ത്രി വിശദമാക്കി.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികള്‍ക്കോ രോഗലക്ഷണങ്ങള്‍ ഇല്ല. രോഗബാധയുടെ ഉറവിടം പരിശോധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.