Friday, May 3, 2024
HealthkeralaNews

നിപ: കോഴിക്കോട് ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വരുന്ന ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിവ്യാപനം ഉണ്ടായ ആശുപത്രിയിലെ 30 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നിലവില്‍ 1080 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 122 പേര്‍ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറം ജില്ലയില്‍ നിന്നും 22 പേരും കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നും മൂന്ന് പേരും വയനാട്ടില്‍ നിന്നും ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. നിലവില്‍ 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.