Friday, May 3, 2024
keralaNews

നിഥിനയെ കൊല്ലുമെന്നും;അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും അഭിഷേകിന്റെ വാട്സാപ്പ് സന്ദേശം

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിഥിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങള്‍ നടത്തിയശേഷമെന്ന് പോലീസ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഴ്ചകള്‍ക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളില്‍ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതല്‍ വായിച്ചത്.എവിടെയുള്ള ഞരമ്പുകള്‍ മുറിച്ചാല്‍ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തില്‍ എത്ര ഞരമ്പുകളുണ്ടന്നും അവയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളില്‍ പരിശോധിച്ചതായി പോലീസ് പറഞ്ഞു. കഴുത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകള്‍ എന്നിവയും മനസ്സിലാക്കി.

നിഥിനയെ കൊല്ലുമെന്ന് വാട്സാപ്പ് സന്ദേശം

നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതില്‍, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടെന്നുണ്ടായ വികാരത്തില്‍ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാന്‍ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു. കൊല്ലാനുപയോഗിച്ച പേപ്പര്‍ കട്ടറില്‍ പ്രതി മാറ്റങ്ങള്‍ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂര്‍ച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയില്‍നിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സജ്ജമാക്കി. ഈ കടയില്‍ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.