Friday, May 3, 2024
indiaNewspolitics

‘നന്നായി പ്രവര്‍ത്തിക്കുക, ചീത്തപ്പേര് കേള്‍പ്പിച്ചാല്‍ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’,കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍

‘നന്നായി പ്രവര്‍ത്തിക്കുക, ചീത്തപ്പേര് കേള്‍പ്പിച്ചാല്‍ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’, മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കു ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിലെത്തിയ ഡിഎംകെ സുതാര്യവും അഴിമതിരഹിതവുമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമെന്നു സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ഒട്ടേറെ എംഎല്‍എമാരില്‍ നിന്നാണു മന്ത്രിമാരെ തിരഞ്ഞെടുത്തത്. അതിനാല്‍, ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം.

പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത വേണം. ഇതില്‍ സംശയങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ ഇടം നല്‍കരുത്. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മന്ത്രിമാര്‍ പൊലീസിനെ നേരിട്ടു വിളിക്കരുത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളെന്ന നിലയില്‍ മുഖ്യമന്ത്രിയെ വിവരമറിയിക്കണം.പൊലീസിനെ നേരിട്ടു വിളിക്കുന്നതും അവരോട് തട്ടിക്കയറുന്നതും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാകാന്‍ കാരണമാകമെന്നു സ്റ്റാലിന്‍ മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.ഡിഎംകെ അധികാരത്തിലെത്തിയാല്‍ അരാജകത്വം തിരികെയെത്തുമെന്നു അണ്ണാഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. മുന്‍ ഡിഎംകെ സര്‍ക്കാരുകളുടെ കാലത്ത് നേതാക്കള്‍ക്കെതിരെ ഭൂമി തട്ടിയെടുക്കലുള്‍പ്പെടെയുള്ള ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ ചിലര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്.