Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ആശുപത്രി യാത്രക്ക് പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്; പകരം ഈ രേഖകള്‍ കരുതണം

കോവിഡ് രൂക്ഷമായതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്ത് ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാമെന്നും പൊലീസ് അറിയിച്ചു.ആവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.

ലോക്ക് ഡൗണിനോടനുബന്ധിച്ച് പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേര്‍ക്കു ഇ-പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അതിനാല്‍, തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ലെന്നും സത്യവാങ്മൂലം കൈയില്‍ കരുതിയാല്‍ മതിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.