Friday, May 17, 2024
keralaNews

എരുമേലിയില്‍ ചരിത്രമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

  • ഇരുമ്പൂന്നിക്കരയില്‍ ഭാഗ്യം യുഡിഎഫിനെ തുണച്ചു .

  • പഞ്ചായത്തില്‍ അതേ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചു .

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 340 വോട്ടുകള്‍ വീതം വാങ്ങിയ ഇരുമ്പൂന്നിക്കര ഒമ്പതാം വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രകാശ് പള്ളിക്കൂടത്തെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍, ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതേ ഭാഗ്യം എല്‍ഡിഎഫിനെ തുണക്കുകയായിരുന്നു.വരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നുവെങ്കിലും യുഡിഎഫിലെ ഒഴക്കനാട് സ്ഥാനാര്‍ഥി സുനിമോള്‍ പി എം ന്റെ വോട്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാത്തതിനെ തുടര്‍ന്ന് അസാധുവാകുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും 11 സീറ്റുകള്‍ വീതം വാങ്ങുകയും എലിവാലിക്കരയില്‍ നിന്നും മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ സ്വതന്ത്രന്‍ ഇ.ജെ ബിനോയ് യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുകയും എരുമേലി പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് സന്നാഹം ഒരുക്കുകയുമായിരുന്നു.എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാതെ ഒപ്പ് മാത്രം എഴുതി നല്‍കിയതോടെയാണ് സുനിമോള്‍ ചെയ്തവോട്ട് അസാധുവായത് . ഭാഗ്യവും – നിര്‍ഭാഗ്യവും ഒരേ സമയത്ത് അരങ്ങേറിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ വിജയാഹ്ലാദ പ്രകടനം നടത്തിയപ്പോള്‍ യുഡിഎഫ് കണക്കുകൂട്ടലുകള്‍ തകര്‍ന്നടിയുകയായിരുന്നു.പഞ്ചായത്ത് ഭരണം തലനാരിഴയ്ക്ക് കൈവന്നിട്ടും അത് പിടിച്ചുനിര്‍ത്താന്‍ സാധിക്കാതെ യുഡിഎഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയാണ് ചെയ്തത്.ഇരുമ്പൂന്നിക്കരയില്‍ നറുക്കിട്ട് വിജയിയെ തിരഞ്ഞെടുത്തപ്പോള്‍, അതുപോലൊരു നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുത്ത സംഭവം എരുമേലിയുടെ ചരിത്രത്തില്‍ ആദ്യമാണ്.എന്നാല്‍ ഇനി സ്വതന്ത്ര അംഗം എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം ഈ നാണക്കേടിന്റെ ഭാരമേറി യുഡിഎഫ് പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതായി വരും.