Thursday, May 9, 2024
keralaNews

അയല്‍വാസിയുടെ അടിയേറ്റ് നട്ടെല്ല് പൊട്ടിയ പശുക്കിടാവ് ചത്തു

ഇടുക്കി : കട്ടപ്പനയില്‍ അയല്‍വാസിയുടെ അടിയേറ്റ് നട്ടെല്ല് പൊട്ടിയ പശുക്കിടാവ് ചത്തു. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസം മുന്‍പാണ് എട്ടുമാസം മാത്രം പ്രായമുള്ള പശുക്കുട്ടിയ്ക്ക് അടികൊണ്ട് പരിക്കേറ്റത്.

പറമ്പില്‍ കയറിയെന്ന് ആരോപിച്ച് അയല്‍വാസിയായ സതീശന്‍ ആണ് പശുക്കുട്ടിയുടെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് നട്ടെല്ല് തകര്‍ന്ന പശുക്കുട്ടിയുടെ പിന്‍ കാലുകള്‍ തളര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതെ വേദനയില്‍ പുളയുകയായിരുന്നു പശുക്കിടാവ്. പശുക്കിടാവിനെ മര്‍ദ്ദിച്ചെന്ന സണ്ണിയുടെ പരാതിയില്‍ സതീശനെതിരെ പോലീസ് കേസ് എടുത്തു. പശുക്കളെ ആക്രമിക്കുമെന്ന് സതീശന്‍ നേരത്തെയും ഭീഷണിപ്പെടുത്തിയെന്നാണ് സണ്ണി പറയുന്നത്. അതേസമയം പശുക്കിടാവിനെ ആക്രമിച്ചത് താനല്ലെന്നും, പശുക്കള്‍ കൃഷി നശിപ്പിച്ചതായി പരാതി പറയുക മാത്രമാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.