Monday, May 20, 2024
educationkeralaNews

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും – വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം.  കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്‌സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ മാത്രമായി 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര്‍ പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്‌കൂളുകള്‍ 100ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5427പേരുടെ വര്‍ധനവാണുണ്ടായത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികം ഇല്ലാത്തതില്‍ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി ജീവിതത്തിന്റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്‌കൂള്‍ ജീവിതത്തിന്റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.മികച്ച ഗുണനിലവാരത്തോടെ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു.

വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരു വര്‍ഷം നീളുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.

നാല് ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളില്‍ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വണ്‍ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി റഗുലര്‍ വിഭാഗത്തില്‍ 27798 കുട്ടികളും 1,502 കുട്ടികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.