Sunday, May 5, 2024
keralaNews

നടിയെ ആക്രമിച്ച കേസ് ;സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി.സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് പ്രോസിക്യൂഷന്റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. ഇയാളുടെ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. വിവാദങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടന്‍ ദിലീപടക്കമുളളവര്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തയിടെ പുറത്തുവിട്ടത്. കേസില്‍ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാല്‍ ഈ ആക്രമണ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ ദിലീപിനെ വിളിച്ചപ്പോള്‍ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാന്‍ വന്നുവെന്നും, ഇതിന് തെളിവായി വാട്‌സാപ്പില്‍ അയച്ച ഓഡിയോ മെസ്സേജും സംവിധായകന്‍ പുറത്തുവിട്ടിരുന്നു.