Friday, May 10, 2024
keralaLocal NewsNews

എരുമേലിയിൽ  ദേവസ്വം ബോർഡിന്റെ  കാവ് വെട്ടിനശിപ്പിച്ചു; രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു 

എരുമേലി:തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പാത്തിക്കക്കാവിൽ അതിക്രമിച്ചു കയറി  ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ വെട്ടുകയും – വർഷങ്ങൾ പഴക്കമുള്ള കാവ്  നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സമീപവാസികളായ രണ്ടുപേർക്കെതിരെ പോലീസ് കേസ് എടുത്തതായി എരുമേലി എസ്.ഐ   എം എസ് അനീഷ്കുമാർ പറഞ്ഞു.തദ്ദേശവാസികളായ ജോയ്,ബേബി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.എരുമേലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് പാത്തിക്കക്കാവിൽ കഴിഞ്ഞ  നാലാം തിയതിയായിരുന്നു സംഭവം.കാവിനാട് ചേർന്നുള്ള വീടിന് ഭീഷണിയായി നിന്ന മരത്തിന്റെ  ശിഖരങ്ങൾ  വെട്ടുന്നതിന്റെ പേരിലാണ്  കാവിലെ മരങ്ങൾ വെട്ടി മാറ്റിയതെന്നും പോലീസ് പറഞ്ഞു. എന്നാൽ സ്ഥലത്തിന്റെ  ഉടമ കൂടിയായ ദേവസ്വം ബോർഡിനെ അറിയിക്കാതെ ഗ്രാമ പഞ്ചായത്തിന്റെ  അനുമതിയോടെ മരങ്ങൾ വെട്ടി മാറ്റിയതെന്നും അധികൃതർ പറഞ്ഞു. വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ഉടമകൾ സ്വന്തം  ചെലവിലും  വെട്ടിമാറ്റണമെന്ന കോടതി  നിർദ്ദേശത്തിന്റെ മറപിടിച്ചാണ് ദേവസ്വം ബോർഡ് വക കാവിൽ അതിക്രമിച്ചു കയറി ഇവർ  മരങ്ങൾ വെട്ടിമാറ്റിയിരിക്കുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
പഴയ ബ്ലോക്ക് നമ്പര്‍ 23 ല്‍ 361/1 / 1 ഉം, പുതിയ ബ്ലോക്ക് നമ്പര്‍ 23 ല്‍ 152/1ഉം തണ്ടപ്പേര് 5 ആയി 40 സെന്റ് സ്ഥലമാണ് ദേവസ്വം ബോര്‍ഡിന് ഇവിടെയുള്ളത് .  കാവിൽ അതിക്രമിച്ചുകയറി മരം വെട്ടി യതിനെതിരെ ദേവസ്വം ബോർഡ് എരുമേലി പോലീസിൽ പരാതി നൽകിയത് . വീടിന്  ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ തദ്ദേശീയരായ ആരും തങ്ങളെ സമീപിച്ചിരുന്നില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.ശിഖിരങ്ങൾ  മാത്രം മുറിച്ചു മാറ്റേണ്ട ലക്ഷങ്ങൾ  വിലമതിക്കുന്ന മരങ്ങളാണ്  മുറിച്ചു മാറ്റിയതായും ഇവർ പറഞ്ഞു.
എന്നാൽ കാവിനാട് ചേർന്നുകിടക്കുന്ന സ്വന്തം പറമ്പിലെ മരങ്ങളാണ് മുറിച്ചു മാറ്റുന്നതെന്ന പ്രചരണത്തോടെയാണ് ഇവർ മരങ്ങൾ മുറിച്ചത്. ചില മരങ്ങൾ മുറിച്ച് തടികളാക്കിയും ഒരു മരം ശിഖിരങ്ങൾ  പൂർണമായും വെട്ടിയും നിർത്തിയിരിക്കുകയാണ്.എന്നാല്‍ വീടിന് ഭീഷണിയായ മരം വെട്ടി മാറ്റുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്തംഗം സുനിമോള്‍ പറഞ്ഞു.കാവ് സംരക്ഷിക്കാൻ ദേവസ്വം ബോർഡും,സർക്കാരും  നടപടികൾ സ്വീകരിക്കുന്നതിനിയിലാണ്  അതിക്രമിച്ചുകയറി കാവിലെ വൻമരങ്ങൾ വെട്ടിമാറ്റിയത്.പാത്തിക്കക്കാവ്  കാവിലെ മരങ്ങൾ  വെട്ടി നശിപ്പിച്ചവർക്കെതിരെ കർശന നിയമ  നടപടി സ്വീകരിക്കണമെന്നാവശ്യമാണ് ഉയരുന്നത്.എന്നാൽ കാവിലെ മരങ്ങൾ വെട്ടി മാറ്റിയ സംഭവം മോഷണശ്രമമല്ലെന്നാണ് പോലീസ് പറയുന്നത്.