Sunday, May 5, 2024
keralaNews

ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ ഏഴരയ്ക്ക് അടയ്ക്കണം

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെമ്ബാടും കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് സ്വകാര്യ മേഖലയിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂവിന് പിന്നാലെയാണ് നടപടികള്‍ കുടുതല്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസകള്‍ക്ക് അവധിയാണ്. അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ ദിവസങ്ങളില്‍ നിയന്ത്രണമില്ല.മറ്റ് ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി നടപ്പാക്കണം. ട്യൂഷനടക്കം വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രമേ നടത്താവൂ.

കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സീന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.ചെറിയ കടകള്‍ ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാമെന്നും തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ പല ഉത്തരവിറക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. പല ഉത്തരവിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നാണ് നിര്‍ദ്ദേശം. ഉത്തരവുകള്‍ക്ക് സമാന സ്വഭാവമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.