Monday, May 6, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; സംവിധായകന്റെ രഹസ്യ മൊഴിയെടുക്കണമെന്നാവശ്യം

കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയില്‍ ആണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. തുടര്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തില്‍ ഉള്ളവരും തുടര്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയില്‍ പറയുന്നു.

കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റിക്കോര്‍ഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകള്‍ അടങ്ങിയ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20 ന് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി നിര്‍ദ്ദേശം. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിക്കുന്നതിനായി കോടതി ഈ മാസം 20 ലേക്ക് മാറ്റി.

ബാലചന്ദ്ര കുമാറിനെ വെളിപ്പെടുത്തലിന് അടിസ്ഥാനത്തില്‍ സമഗ്ര തുടരന്വേഷണം ആവശ്യമാണെന്നും അതിനാല്‍ നിലവില്‍ നടക്കുന്ന വിചാരണകള്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ വിചാരണ തുടരണമെന്ന് നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് ജനുവരി 20 ലേക്ക് മാറ്റിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി ആരും ഇന്ന് എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഹാജരായില്ല. സാക്ഷികളും കോടതിയില്‍ എത്തിയില്ല.