Friday, April 26, 2024
keralaNews

നടിയെ ആക്രമിച്ച കേസ് :ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി; ആരോപണത്തില്‍ നടന്‍ ദിലീപിനെതിരെ കേസ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നടന്‍ ദിലീപിനെതിരെ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് ആണ് പുതിയ കേസെടുത്തത്. ഉദ്യോഗസ്ഥരായ ബി. സന്ധ്യയും ബൈജു പൗലോസുമടക്കം അഞ്ചുപേരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും വധഭീഷണി മുഴക്കുന്നത് കേട്ടുമെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപും സഹോദരനുമടക്കം 6 പേരാണ് പ്രതികള്‍.നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള തുടരന്വേഷണം നടത്തുന്ന സംഘമാണ് നടന്‍ ദിലീപിനെതിരെ പുതിയ േകസെടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എഡിജിപി ബി. സന്ധ്യ, ഡിഐജി എ.വി ജോര്‍ജ് എസ്പിമാരായ എസ്. സുദര്‍ശന്‍, എന്‍ജെ സോജന്‍ , ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇവര്‍ വധഭീഷണിമുഴക്കുന്നത് കേട്ടുവെന്നും ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തത്.ദിലീപ് , സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളും പ്രതിയാണ്. മൊഴി സാധൂകരിക്കുന്നതിനായി ചില ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണ സംഘത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാകും. ഗൂഢാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടിയോ എഫ്‌ഐആറിനെ തന്നെ ചോദ്യം ചെയ്‌തോ ദിലീപിന് കോടതിയെ സമീപിക്കാനുമാകും.