Thursday, May 16, 2024
BusinesskeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ പുനര്‍ലേലത്തിന്

തൃശൂര്‍ : ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നല്‍കിയ മഹീന്ദ്ര ഥാര്‍ പുനര്‍ലേലത്തിന് വെയ്ക്കുന്നു. ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ച് ലേലം നടക്കും.

നേരത്തെ ഈ വാഹനം 15.10 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ചിരുന്നെങ്കിലും ശരിയായ രീതിയിലല്ല ഇത് നടന്നതെന്ന് ആരോപിച്ച് പരാതികള്‍ ലഭിക്കുകയായിരുന്നു.

അന്ന് ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമായിരുന്നു. പ്രവാസിയായ അമല്‍ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് ലേലം ഉറപ്പിച്ചത്. വേണ്ടത്ര പ്രചാരവും സമയവും നല്‍കാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതിയുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ വീണ്ടും ലേലം നടത്താന്‍ തീരുമാനിച്ചത്.

ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ പ്രചാരണം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലം വിളിക്കുന്ന തുകയിലും വ്യത്യാസമുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ നാലിനാണ് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വാഹനം വഴിപാടായി നല്‍കിയത് . ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച വാഹനം ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.