Friday, May 10, 2024
keralaNews

അദ്ധ്യയനവര്‍ഷത്തിന്റെ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയനവര്‍ഷം ആരംഭിച്ചു.സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. കൊറോണ മഹാമാരി മൂലം ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലും കൊറോണ നിയന്ത്രങ്ങള്‍ ആയിരുന്നു.ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന അവസ്ഥ ആണെന്ന് അദ്ദേഹം പറഞ്ഞു.ഇന്നത്തെ കുട്ടികളുടെ പരസ്പര സ്നേഹമാണ് നാളെ മറ്റുള്ളവരോടുള്ള സ്നേഹമായി മാറുന്നത്.സ്‌കൂളുകളില്‍ ആവശ്യമായ ഗ്രൗണ്ടുകള്‍ ഒരുക്കണമെന്നും കളിസ്ഥലങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ഒത്തു കൂടാനുള്ള പൊതു സ്ഥലങ്ങളും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിയിടങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിനൊപ്പം പൊതുജനങ്ങളും പങ്കാളികള്‍ ആകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ പ്രദേശത്തും പൊതു ഇടങ്ങള്‍ വലിയ തോതില്‍ വളര്‍ത്തി എടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷവുംവിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും പഠനം സാധ്യമാക്കി. അതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും എല്ലാവരിലും എത്തിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 6 വര്‍ഷത്തിനിടെ പത്തരലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തി. ടീച്ചര്‍മാര്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.പൊതു വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന നടപടികള്‍ ആണ് സ്വീകരിച്ചു വരുന്നത്.ഇനി ഒരു പുറകിലേക്ക് പോക്കില്ല.സമൂഹത്തെ ആകെ അറിവിന്റെ സമൂഹം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളിലേക്ക് 43 ലക്ഷം കുട്ടികളാണെത്തിയത്. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും.