Tuesday, April 30, 2024
keralaNews

നടപ്പാതയും റോഡും കയ്യേറി കച്ചവടം

തെങ്ങണ റോഡില്‍ നടപ്പാത കയ്യേറി പഴയ തടി ഉരുപ്പടി കച്ചവടം. കാല്‍നട യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയാണ് കച്ചവടം നടക്കുന്നത്. തെങ്ങണ ജംഗ്ഷനു സമീപം പഴയ തടി ഉരുപ്പടികള്‍ വില്‍ക്കുന്ന കടയിലെ സാധന സാമഗ്രികളാണ് ഫുട്പാത്ത് അടച്ച് നിരത്തിയിരിക്കുന്നത്. നാളുകളായി സമാന രീതിയില്‍ കച്ചവടം നടക്കുന്നെങ്കിലും അധികൃതര്‍ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. സമീപത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേയ്ക്ക് എത്തുന്നവര്‍ക്കും ഇത് ദുരിതം സൃഷ്ടിക്കുന്നു

പഞ്ചായത്ത് ഓഫീസില്‍ വിഷയം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ നടപടിയില്ലാതെ അധികൃതരും മൗനം പാലിക്കുന്നു. തെങ്ങണ – ചങ്ങനാശേരി റോഡിന്റെ ഇരുവശത്തായാണ് വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത്. നാളുകളായി കൂടിക്കിടക്കുന്ന സാധനങ്ങള്‍ കാട് കയറിയ നിലയിലാണ്. തെങ്ങണ – മാമ്മൂട് ജംഗ്ഷനിലും സമാന സ്ഥിതിയാണ്. നടപ്പാതകള്‍ ഇന്റെര്‍ലോക്ക് ചെയ്ത നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.

നാലു വശത്തു നിന്നും വാഹനങ്ങള്‍ വരുന്ന തിരക്കുള്ള റോഡായതിനാല്‍ പലപ്പോഴും അപകടത്തിനും ഇടയാക്കുന്നു. രാത്രി കാലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കേണ്ടതായി വരുമ്‌ബോള്‍ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന സാധന ജംഗമ വസ്തുക്കള്‍ കൂടുതല്‍ അപകടത്തിനും ഇടയാക്കുന്നു. റോഡരികിലെ പാര്‍ക്കിംഗും ദുരിതം സൃഷ്ടിക്കുന്നു. വഴിയോര കച്ചവടങ്ങളും റോഡ്, ഫുട്പാത്ത് എന്നിവ കയ്യേറി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാല്‍നടയാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.