Sunday, May 5, 2024
keralaNewspolitics

ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നല്‍കിയിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക കരാര്‍ ജോലിക്ക് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പാര്‍ട്ടിക്കാരെ തേടി കത്തയച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നല്‍കുക. സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ അല്ലെങ്കില്‍ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നല്‍കിയിട്ടില്ല. ഇത്തരമൊരു പതിവില്ലെന്നും മേയര്‍ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും അവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ന?ഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയര്‍ന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യൂട്ടി മേയറും പ്രതികരിച്ചു. ഏതെങ്കിലും ഡിറ്റിപി സെന്ററില്‍ പോയാല്‍ ആരുടെ ലെറ്റര്‍പാഡും ഉണ്ടാക്കാമെന്നും മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നുമായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.

ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നിന്നുള്ള കത്ത് എഴുതിയതെന്ന് ആരോപണമുണ്ടായത്. കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളില്‍ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത്.