Thursday, May 16, 2024
keralaNews

ലോക്‌സഭയില്‍ ഒബിസി ഭരണഘടനാ ഭേദഗതി ബില്‍; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

ഒബിസി പട്ടിക നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍. ബില്ലിനെ പിന്തുണയ്ക്കാന്‍ രാവിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചു.സാമൂഹ്യനീതി മന്ത്രി വീരേന്ദ്രര്‍ കുമാറാണ് ഒബിസി പട്ടിക നിര്‍ണ്ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നീക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ആശയക്കുഴപ്പം മറികടക്കാനുള്ള ഭരണഘടന ഭേദഗതി പാസ്സാകാന്‍ സഭയില്‍ വോട്ടെടുപ്പ് അനിവാര്യമാണ്.രാവിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രതിപക്ഷ യോഗം ഇതിനോടു മാത്രം സഹകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലിലെ പ്രതിപക്ഷ പ്രതിഷേധം തുടരും. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലെ ബഹളത്തില്‍ പാര്‍ലമെന്റിലെ മറ്റ് നടപടികള്‍ തടസ്സപ്പെട്ടു. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ശശി തരൂര്‍ മൂന്നോട്ട് വച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.