Monday, April 29, 2024
EntertainmentGulfindiakeralaNews

ദുബായില്‍ വച്ച് നടി ഷംന കാസിം വിവാഹിതയായി

ദുബായ് :  മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വീവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദുബായില്‍ വിവാഹം നടന്നതിനാല്‍ സിനിമാ രംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവര്‍ക്കായി പിന്നീട് റിസപ്ഷന്‍ ഉണ്ടാകുമെന്നാണ് വിവരം. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്.കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ അലി ഭായ്, കോളജ് കുമാരന്‍, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.