Sunday, May 5, 2024
indiakeralaNewspolitics

ദില്ലി സമരം: കേരളത്തിനുള്ള പിന്തുണ തുടരും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജനും സമരത്തില്‍ പങ്കെടുത്തു. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സമരം വന്‍ വിജയമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരേണ്ടതുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും സമരത്തില്‍ പങ്കെടുത്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുത്ത് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മോദി സര്‍ക്കാരിനെതിരെ അടുത്തകാലത്ത് നടന്നതില്‍ ഏറ്റവും അത്യുജ്ജ്വലമയ സമരമൊണിതെന്നും ശിവന്‍ കുട്ടി പറഞ്ഞു.സംസ്ഥാനങ്ങള്‍ ശക്തമായി നിന്നില്ലെങ്കില്‍ ഇന്ത്യ ശക്തമാകില്ലെന്നും സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നുമാണ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിയത്.കേന്ദ്രം രാജ്യത്തിന്റെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുകയാണെന്നും, ഹിന്ദുത്വ രജ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് എതിരെ പോരാടണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 70 കോടി ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് പ്രതിനിധീകരിക്കുന്നതെന്നും കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാന വിഹിതം കിട്ടാന്‍ ചെറിയ കാര്യങ്ങള്‍ക്കും സുപ്രീം കോടതിയില്‍ പോകേണ്ട ഗതികേടാണുള്ളത്. ജന്തര്‍ മന്തറില് വന്നിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളെയും വേര്‍തിരിവ് ഇല്ലാതെ പരിഗണിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യയെ 10 വര്‍ഷത്തിനുള്ളില്‍ മാറ്റിമറിക്കാം എന്ന് അവകാശവാദം ഉന്നയിച്ചാണ് മോദി അധികാരത്തിലേറിയത്. പ്രതിപക്ഷം ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളത്തിനുള്ള പിന്തുണ തുടരുമെന്നും കപില്‍ സിബല്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പുറമെ എല്‍ഡിഎഫ് എംഎല്‍എമാരും, എംപിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.